Psychotherapy from the purview of the audience.
Author: Sree Kumar
സന്തോഷത്തിന് അതിരും അളവുമൊന്നുമില്ലേ?
ഇല്ലെന്നാണ് സൈക്കോതെറാപ്പി നൽകുന്ന ഉത്തരം
പ്രശ്നങ്ങൾ കണ്ടെത്തുകയും അവയ്ക്ക് പരിഹാരം നിർദേശിക്കുകയും ചെയ്യുക എന്നതാണ് ആകെ സൈക്കോതെറാപ്പി കൊണ്ടുദ്ദേശിക്കുന്നത് എന്നാണ് പൊതുവെ ഉള്ള വിശ്വാസം. ഒരു പക്ഷെ, ഒരിക്കൽ അത് മാത്രമായിരുന്നിരിക്കാം സൈക്കോതെറാപ്പിസ്റ്റുകൾ ചെയ്തുകൊണ്ടിരുന്നത് .
കാലം ഒത്തിരി മാറിയില്ലേ? അപ്പോൾ എല്ലാ മേഖലയും പോലെ സൈക്കോതെറാപ്പിയും മാറി.
ജീവിതത്തെ ആരോഗ്യകരമായ രീതിയിൽ കണ്ട്, സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞ്, ഒരു സമൂഹത്തെ തന്നെ ജീവിതത്തിന്റെ ഭാഗമാക്കുവാനും അതെ സമയം ആ സമൂഹത്തിന്റെ ഭാഗമാകുവാനും ഒരു വ്യക്തിയെ സഹായിക്കുന്ന ഒരു ശാസ്ത്രമായി ഇത് വളർന്നിരിക്കുന്നു.
സൈക്കോതെറാപ്പിയിൽ രോഗിയും വൈദ്യനും മരുന്നും നിങ്ങൾ തന്നെയാണ്. നിങ്ങളുടെ ഓരോരുത്തരുടെയും കഴിവിന് അതിരില്ലാത്തതുപോലെ നിങ്ങള്ക്ക് കണ്ടെത്തുവാൻ കഴിയുന്ന ആഹ്ലാദത്തിനും അതിരില്ല, അളവുമില്ല.
കഴിച്ചിട്ടില്ലാത്ത ആഹാരം ഇഷ്ടമില്ലാത്തതാണ് എന്ന് പറയുമ്പോൾ അതിൽ യുക്തിയും യുക്തിയില്ലായ്മയും ഉണ്ട്. അതുപോലെയാണ് ഒരാൾ ‘ജീവിതത്തിൽ ഇതിൽ കൂടുതൽ എന്ത്, സുഖദുഃഖസമ്മിശ്രമല്ലേ ജീവിതം’ എന്നൊക്കെ ചോദിക്കുന്നത്. ആരുടേയും വഴിമുടക്കുന്ന ഒരു പ്രാചീന ചിന്ത മാത്രമാണ് ഇത്.
ഒരു യൂസേഴ്സ് മാനുവൽ വായിച്ച് പഠിച്ചിട്ടല്ല നമ്മൾ ജനിക്കുന്നതും വളരുന്നതും. ഏതു പ്രായത്തിലുള്ളവരെയും അങ്ങിനെയൊന്ന് എഴുതാൻ ഒരു സൈക്കോതെറാപ്പിസ്റ് സഹായിക്കും. അത് രചയിതാവിന്റെ ജീവിതത്തിന്റെ മാത്രമേ ഉപയോഗപ്പെടുകയുള്ളൂ എന്ന് മാത്രം. ഒരാളിന്റെ ഉത്തരം പകർത്തി എഴുതി ജയിക്കാൻ കഴിയാത്ത പരീക്ഷയാണ് ജീവിതം. കാരണം, ചോദ്യ പേപ്പറുകൾ വേറെ വേറെ ആണ്.
പാഴ്‌ചിന്തകൾ പാഴാക്കുന്നത് നമ്മുടെ നേരമാണ്. നേരം നമുക്ക് വളരെ പരിമിതമാണ്. പാഴ്‌ചിന്തകൾ തിരിച്ചറിഞ്ഞ് ജീവിച്ചാൽ നിങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുകയും സമയം ഏറെ ലാഭിക്കാൻ കഴിയുകയും ചെയ്യും